എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മൂന്ന് ഇന്റേണ്‍ഷിപ്പുകള്‍ നിര്‍ബന്ധം

watch_later Thursday 27 July 2017

KTU News : Internship for Engineering students


എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് കാലയളവില്‍ കുറഞ്ഞത് മൂന്ന് ഇന്റേണ്‍ഷിപ്പുകള്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യം ഉറപ്പ് വരുത്താനാണ് ഇത്തരത്തിലൊരു നീക്കം. വിദ്യാര്‍ത്ഥികള്‍ മൂന്ന് ഇന്റേണ്‍ഷിപ്പുകള്‍ പൂര്‍ത്തിയാക്കുന്നുണ്ടോയെന്ന് കോളേജ് അധികൃതര്‍ ഉറപ്പ് വരുത്തണമെന്നും പ്രകാശ് ജാവദേക്കര്‍ നിര്‍ദ്ദേശിച്ചു.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് മൂന്ന് ഇന്റേണ്‍ഷിപ്പുകളെങ്കിലും ചെയ്തിരിക്കണം. നാല് മുതല്‍ എട്ട് ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന ഇന്റേണ്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ ഇന്റേണ്‍ഷിപ്പ് സ്ഥാപനങ്ങളെ കണ്ടെത്തേണ്ടത് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. 
2015-16 കാലയളവില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ 56 ശതമാനം പേരും തൊഴില്‍ രഹിതരായി തുടരുകയാണ്. രാജ്യത്തെ പതിനായിരത്തിലധികം സ്ഥാപനങ്ങളിലായി 15.87 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 6.96 ലക്ഷം പേര്‍ക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചതെന്ന എ.ഐ.സി.ടി.ഇ (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍) കണക്കുകള്‍ പുറത്തു വന്ന പശ്ചാത്തലത്തിലാണ് ലോക്സഭയില്‍ പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം. 
മൂന്നോളം ഇന്റേണ്‍ഷിപ്പുകള്‍ ചെയ്യുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യവും പ്രൊഫഷണലിസവും വര്‍ധിക്കുമെന്നും തൊഴില്‍ രഹിതരായി തുടരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. 
വിദ്യാര്‍ത്ഥികള്‍ ഒന്നിലധികം ഇന്റേണ്‍ഷിപ്പുകള്‍ ചെയ്യുന്നതിനൊപ്പം കൃത്യമായ ഇടവേളകളില്‍ അധ്യാപകരും റിഫ്രഷ്‌മെന്റ് കോഴ്‌സുകളില്‍ പങ്കെടുക്കണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സുകളെ അധ്യാപകര്‍ക്ക് ആശ്രയിക്കാമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. 
അതേസമയം എഞ്ചിനീയറിംഗ് ബിരുദധാരികള്‍ നേരിടുന്നത് തൊഴിലില്ലായ്മ അല്ല, യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ ലഭിക്കുന്നില്ലെന്ന പ്രതിസന്ധിയാണെന്നാണ് എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ പറയുന്നു. എഞ്ചിനീയറിംഗ് കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ 60 ശതമാനവും പൂര്‍ണമായും ജോലിക്ക് സജ്ജരാവുന്നില്ല. ബാക്കിയുള്ള 40 ശതമാനം പേര്‍ പ്രതിവര്‍ഷം 4-5 ലക്ഷം രൂപ സമ്പാദിക്കുമ്പോള്‍ ഈ 60 ശതമാനം പേര്‍ക്ക് 1.5 ലക്ഷം പോലും പ്രതിവര്‍ഷം സമ്പാദിക്കാന്‍ സാധാക്കുന്നില്ല. തൊഴില്‍ നൈപുണ്യം ലഭിക്കുന്നതിലെ അപാകതകളിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും അനില്‍ സഹസ്രബുദ്ധെ അഭിപ്രായപ്പെടുന്നു. 
ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സിലബസ് അല്‍പ്പം കൂടി കരിയര്‍ കേന്ദ്രീകൃമായി മാറ്റാനുള്ള നീക്കം വകുപ്പു തലത്തില്‍ നടക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും പുതിയ രീതി പിന്തുടരാന്‍ സംസ്ഥാനങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്നും അനില്‍ സഹസ്രബുദ്ധെ വ്യക്തമാക്കി. 
Read more at: http://www.mathrubhumi.com/careers/news/three-internships-to-be-mandatory-for-engineering-students-1.2119988



sentiment_satisfied Emoticon